വേദപുസ്തക ചരിത്ര സംഗ്രഹം


വേദപുസ്തകം എഴുതിയ കാലം, സ്ഥലം

ബി. സി. 1600 നും 400നും ഇടയിലുള്ള കാലഘട്ടത്തില്‍ വിവിധ സ്ഥലങ്ങളിലിരുന്നു മുപ്പതു എഴുത്തുകാരാല്‍ തയ്യാറാക്കപെട്ട പഴയനിയമവും, എ. ഡി. 40 മുതല്‍ 95 വരെയുള്ള കാലഘട്ടത്തില്‍ വിവിധ സ്ഥലങ്ങളിലിരുന്നു എട്ട് എഴുത്തുകാരാല്‍ തയ്യാറാക്കപെട്ട പുതിയനിയമവും ഉള്‍ക്കൊള്ളുന്ന 66 പുസ്തകങ്ങള്‍ ചേര്‍ന്നതാണ്‌ സത്യവേദപുസ്തകം. എഴുത്തുകാരില്‍ പ്രവാചകന്മാര്‍, പുരോഹിതന്മാര്‍, രാജാക്കന്മാര്‍, ആട്ടിടയന്മാര്‍, വൈദ്യന്മാര്‍, മുക്കുവന്മാര്‍, പണ്ഡിതന്മാര്‍ എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട ഉള്‍പ്പെടുന്നു. വ്യത്യസ്തങ്ങളായ പരിതഃസ്ഥിതിയിലും വിദ്യാഭ്യാസ സാംസ്കാരിക പശ്ചാത്തലങ്ങളിലും ഇരുന്നു എഴുതിയ ഈ 66 ഗ്രന്ഥങ്ങള്‍ക്കും അത്യത്ഭുതകരമായ ആശയപൊരുത്തമാണുള്ളത്.

ബൈബിള്‍ എന്ന പദത്തിന്റെ ഉത്ഭവം

ബൈബിള്‍ എന്ന ഇംഗ്ലീഷ്‌ പദം ബിബ്ലിയ എന്ന ഗ്രീക്കുപദത്തില്‍ നിന്നാണുണ്ടായത്. ഈ പദത്തിന് പുസ്തകങ്ങള്‍ എന്നാണര്‍ത്ഥം.  ബിബ്ലസ്‌ (പാപ്പിറസ്) എന്ന ചെടിയില്‍ നിന്നും ഉണ്ടാക്കി എഴുതാനുപയോഗിച്ചിരുന്ന കട്ടിക്കടലസാണ് ബിബ്ലിയോണ്‍. ബിബ്ലിയോണ്‍ (ഏക വ.) എന്നതിന് പുസ്തകം എന്നും ബിബ്ലോസ്‌ (ബിബ്ലിയ) എന്നതിനു പുസ്തകങ്ങള്‍ എന്നുമാണ് അര്‍ത്ഥം. ബി. സി. 1100 ല്‍ ഈജിപ്തില്‍ നിന്നും ഫൊയ്നീഷ്യയിലെ ഗെബല്‍ തുറമുഖത്തേക്ക് ഈ ബിബ്ലിയോണ്‍ കയറ്റി അയച്ചിരുന്നു. അതിനാല്‍ ഗെബല്‍ പട്ടണം പിന്നിട് ബിബ്ലോസ്‌ പട്ടണം എന്നറിയപ്പെട്ടു. ഈ പാപ്പിറസ് (ബിബ്ലസ്‌) കടലാസില്‍ ചിലത് (ബി. സി. 1100 ല്‍ നിര്‍മ്മിച്ചത്‌) ബ്രിട്ടീഷ് മ്യുസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

എ.ഡി. രണ്ടാം നുറ്റാണ്ടു മുതല്‍ തിരുവെഴുത്തുകള്‍ക്ക്  റ്റാ- ബിബ്ലിയ എന്ന പേരു വിളിച്ചുതുടങ്ങി. എ.ഡി. 1382ല്‍ ഇംഗ്ലീഷിലേക്ക് ബൈബിള്‍ ഭാഷാന്തരം ചെയ്ത ജോണ്‍ വിക്ലിഫ്‌ ബൈബിള്‍ എന്ന പദം സ്വികരിച്ചു. യോഹ. 21:25, 2 തിമോ. 4:13 ആദിയായ ഭാഗങ്ങളില്‍ ബിബ്ലിയ എന്ന പദമാണ് ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ പഴയനിയമഗ്രന്ഥങ്ങള്‍ ആദ്യമായി എഴുതിയിരുന്നത് മൃഗങ്ങളുടെ തോല്‍ ചുരുളുകളിലാണ്. ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള പദമാണ് ബൈബിള്‍.

ബൈബിള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട വിധം

നിയമം എന്നാ വാക്കിന് ഗ്രിക്കില്‍ “DIATHEKE” എന്നും ലത്തീനില്‍ “ TESTAMENTUM” എന്നും ഉപയോഗിച്ചുപോന്നു. അതിന് ഉടമ്പടി എന്നാണ് അര്‍ത്ഥം. ദൈവവും മനുഷ്യനുമായുള്ള ഉടമ്പടിയാണു  വേദപുസ്തകം എന്നതിനാലാണു Testament” എന്ന പദം ഇംഗ്ലീഷുകാര്‍ സ്വികരിച്ചിരിക്കുന്നത്.

പഴയനിയമം
ജോസിഫസ് എ.ഡി. ഒന്നാംനൂറ്റാണ്ടില്‍ യെഹൂദ ചരിത്രം വിശദമായി രേഖപ്പെടുത്തുമ്പോള്‍,  പഴയനിയമത്തിന്റെ കൂട്ടിചേര്‍ക്കല്‍ തുടങ്ങിയത് എസ്രാശാസ്ത്രിയാണെന്നു പറഞ്ഞിരിക്കുന്നു. ദൈവാലയത്തിലും രാജകിയസദസ്സുകളിലും ലൈബ്രറികളിലും സൂക്ഷിച്ചിരുന്ന കയ്യെഴുത്തുപ്രതികളായിരുന്നു ഇവ എന്നു താന്‍ പറയുന്നു.

പുരാതന കയ്യെഴുത്തുപ്രതികളില്‍ സീനായ്റ്റിക്‌, അലക്സാണ്ട്രിയ എന്നീ പേരുകളില്‍ അറിയപ്പെടുന്നവ ഇപ്പോള്‍  ബ്രിട്ടീഷ് മ്യുസിയത്തിലും, മറ്റൊന്ന്‍ വത്തിക്കാനിലും സുക്ഷിച്ചിരിക്കുന്നു. 1947ല്‍ കണ്ടെത്തിയ ചാവുകടല്‍ ചുരുളുകളുമായി ഇവയ്ക്ക് യാതൊരു വ്യത്യാസവും ഇല്ല. പഴയനിയമം എബ്രായ ഭാഷയിലാണ് എഴുതപ്പെട്ടത്.

പുതിയനിയമം
അപ്പോസ്തലന്മാര്‍ എഴുതിയ ലേഖനങ്ങളും സുവിശേഷങ്ങളും ആദിമ സഭകള്‍ പരസ്പരം കൈമാറിയും കൈയെഴുത്തുപ്രതികള്‍ കൂടുതല്‍ എടുത്തും പ്രചരിപ്പിച്ചുപോന്നു. അവയില്‍ പലതും പിന്നിട് കണ്ടുകിട്ടിയിട്ടുണ്ട്. അവയ്ക്ക് ഇന്നു നാം ഉപയോഗിക്കുന്ന പുതിയനിയമവുമായി വ്യത്യാസമൊന്നുമില്ല. ഗ്രീക്കു ഭാഷയിലാണ് പുതിയനിയമം എഴുതപ്പെട്ടത്. പഴയനിയമവും പുതിയനിയമവും അവ എഴുതിയ കാലക്രമത്തിലല്ല  കൂട്ടിച്ചേര്‍ത്തിരിക്കുന്നത്, വിഷയാടിസ്ഥാനത്തിലാണ്.

ചാവുകടല്‍ ചുരുളുകള്‍

1947, 48 വര്‍ഷങ്ങളില്‍ യിസ്രായേലിലെ ചാവുകടല്‍ തീരത്തുള്ള മസാദമലമുകളിലെ കുമ്രാന്‍ എന്ന സ്ഥലത്തെ പതിനൊന്നു ഗുഹകളില്‍ നിന്നായി പഴയനിയമം മുഴുവനായും ലഭിച്ചു. എബ്രായഭാഷയില്‍ തുകലില്‍ എഴുതി ചുരുളുകളായി സുക്ഷിചിരുന്നവയായിരുന്നു അവ. ഏതാനും പുസ്തകങ്ങളുടെ ഗ്രീക്കു  തര്‍ജ്ജമയും ഇക്കുട്ടത്തിലുണ്ട്. ബി.സി. 60 കാലഘട്ടത്തില്‍ യെഹൂദവംശത്തെ റോമന്‍ ഭരണകൂടം കൂട്ടകൊല ചെയ്തപ്പോള്‍  മസാദമലയിലെ ഗുഹകളില്‍ അവര്‍ ഒളിപ്പിച്ചു സുക്ഷിച്ചു വച്ചിരുന്ന ഇവ, ചാവുകടല്‍ ചുരുളുകള്‍ എന്ന പേരില്‍ ഇന്ന്‍ അറിയപ്പെടുന്നു.

ബൈബിള്‍ ദൈവശ്വാസീയമാണെന്നുള്ളതിനു ചില ന്യായങ്ങള്‍
 1. എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാണ്  (2. തിമൊ 3:16) എന്നു പൗലോസ്‌ അപ്പോസ്തോലന്‍ എഴുതിയിരിക്കുന്നു. ദൈവശ്വാസീയം എന്നു പറഞ്ഞാല്‍ ദൈവത്തിന്റെ ശ്വാസത്താല്‍ ഉളവായത് എന്നാണര്‍ത്ഥം. വേദപുസ്തക എഴുത്തുകാര്‍ ദൈവശ്വാസമാകുന്ന പരിശുദ്ധാത്മാവില്‍ നിറഞ്ഞാണു ദൈവവചനം രേഖപ്പെടുത്തിയിരിക്കുന്നത് എന്നു സാരം. ( 2. പത്രൊസ് 1:21)
 2. ഈ മഹത്ഗ്രന്ഥത്തിന് ആദിയോടന്തം വൈരുദ്ധ്യങ്ങളില്ലാതെ പഴയനിയമം യേശുക്രിസ്തുവിനു നിഴലായും പുതിയനിയമം അതിന്റെ പൊരുളായും നിലകൊള്ളുന്നു.
 3. യഹോവ ഇപ്രകാരം അരുളിചെയ്യുന്നു എന്നു ബൈബിളില്‍ രണ്ടായിരത്തിലധികം പ്രാവശ്യം പറഞ്ഞിരിക്കുന്നു.
 4. ബൈബിളിന്റെ അത്ഭുതകരമായ ഉള്ളടക്കം അതു ദൈവവചനമാണെന്ന് തെളിയിക്കുന്നു.
 5. ബൈബിളിലെ 66 ഗ്രന്ഥങ്ങള്‍മുള്ള ആശയപ്പോരുത്തം അതു ദൈവവചനമാണെന്നുള്ളത്തിന്റെ വ്യക്തമായ തെളിവാണ്.
 6. നിവര്‍ത്തിയായ പ്രവചനങ്ങള്‍ വേദപുസ്തകത്തിന്റെ ദൈവനിശ്വസ്തതക്ക് അനിഷേധ്യമായ തെളിവാണ്. പല പ്രവചനങ്ങളും പ്രവാചകന്മാരുടെ കാലശേഷമാണ് നിറവേറിയത്. ആകയാല്‍ പ്രവചനങ്ങളില്‍ യാതൊരു സ്വാധീനവും ചെലുത്തുവാന്‍ പ്രവാചകന്മാര്‍ക്കു കഴിയുമായിരുന്നില്ല. യെഹൂദജാതിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ മാത്രം മതി ബൈബിളിന്‍റെ സത്യസന്ധത തെളിയിക്കാന്‍.
 7. വളരെ സ്വാധീനശക്തിയുള്ള അനേകം മതമേധാവികളും ഭരണാധികാരികളും ഈ പുസ്തകത്തെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റുവാന്‍ കഠിനപ്രയത്നം ചെയ്തിട്ടും, ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഗ്രന്ഥമായി ബൈബിള്‍ ഇന്നും നിലനില്‍ക്കുന്നു.

ദൈവീകസത്യങ്ങള്‍ മനുഷ്യര്‍ക്കു നല്‍കുന്നതില്‍ വ്യാപരിച്ച ആത്മാവിന്‍റെ വ്യാപാരശക്തിക്കു വെളിപ്പാട് എന്നു പറയുന്നു. വെളിപ്പെടുത്തപ്പെട്ട ദൈവീക സത്യങ്ങള്‍ തെറ്റുകൂടാതെ മാനുഷിക ഭാഷയില്‍ പ്രകാശിപ്പിക്കുവാന്‍ വേദപുസ്തക എഴുത്തുകാരില്‍ വ്യാപരിച്ച ആത്മാവിന്റെ വ്യാപാരശക്തിക്ക്‌ ദൈവനിശ്വസ്തത എന്നു പറയുന്നു. വേദപുസ്തകത്തിലെ ആഴമേറിയ സത്യങ്ങള്‍ ഗ്രഹിക്കണമെങ്കില്‍ ദൈവാത്മാവിന്റെ പ്രകാശനം ഉണ്ടായേ മതിയാകൂ.

വേദപുസ്തക കാനോന്‍

കാനോന്‍ എന്ന വാക്കിന് അളവുകോല്‍ എന്നാണര്‍ത്ഥം. ഏതെങ്കിലും വസ്തുതയെ പരിശോധിക്കുന്നതിനുള്ള മാനദണ്ഡം അഥവാ പ്രമാണം എന്ന അര്‍ത്ഥത്തിലും ഈ പദം ഉപയോഗിക്കാറുണ്ട്‌. വേദപുസ്തക ഗ്രന്ഥങ്ങള്‍ അംഗികാരിക്കുവാനുള്ള  മാനദണ്ഡത്തെ വേദപുസ്തക കാനോന്‍ എന്നു പറയുന്നു.

പഴയനിയമ കാനോന്‍

ബാബേല്‍ പ്രവാസത്തിനു ശേഷം എസ്രാശാസ്ത്രിയാണു പഴയനിയമഗ്രന്ഥങ്ങളെ കുട്ടിച്ചേര്‍ത്തത് എന്നു വിശ്വാസിച്ചുപോരുന്നു. യെഹൂദചരിത്രകാരനായ ജോസീഫസിന്റെ എഴുത്തുകളില്‍ ഇന്നത്തെ 39 പഴയനിയമപുസ്തകങ്ങളെ 22 ആയിട്ടാണ് പറഞ്ഞിരിക്കുന്നത്. (സെപ്റ്റുവജിന്റ് ഭാഷാന്തരക്കാരാണ് ഇന്നത്തെ നിലയില്‍ അത് 39 ആയി ക്രമീകരിച്ചത്).


അപ്പോക്രീഫ എന്ന വാക്കിന് മറഞ്ഞിരിക്കുന്നത് എന്നര്‍ത്ഥം. ബൈബിള്‍ ലത്തീന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ജെറോം, കാനോനികങ്ങളല്ലാത്ത ഗ്രന്ഥങ്ങള്‍ക്ക് ഈ പേരു നല്‍കി. ബി.സി. 200 മുതല്‍ എ. ഡി. 70 വരെയുള്ള കാലഘട്ടത്തിലാണ്  അപ്പോക്രീഫ ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടത്. ഇതില്‍ പലതിന്റെയും ഗ്രന്ഥകര്‍ത്താക്കള്‍ ആരാണെന്നു വ്യക്തമല്ല. അപ്പോക്രീഫ എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രന്ഥങ്ങളെ റോമന്‍ കത്തോലിക്കാസഭ  എ.ഡി 1546 ലെ ട്രെന്റ് സുന്നഹദോസില്‍ ആലോചനാവിഷയമാക്കി. പിന്നിട് അവയില്‍ ചിലത്‌ ബൈബിളിനോട് കൂട്ടിചേര്‍ക്കയും ചെയ്തു.

1236 – ല്‍ കാര്‍ഡിനല്‍ ഹ്യുഗോ വേദപുസ്തകത്തെ അധ്യായങ്ങളായി തിരിച്ചു. ഓരോ വേദഭാഗങ്ങളും കണ്ടുപിടിക്കുവാന്‍ ഈ വിഭജനങ്ങള്‍ സഹായമായിത്തീര്‍ന്നു.

യെഹൂദന്മാര്‍  അപ്പോക്രീഫ ഇല്ലാത്ത പഴയനിയമം മാത്രമാണ് ദൈവവചനമായി അംഗീകരിക്കുന്നത്.


ബൈബിളിന്റെ ചില പരിഭാഷകള്‍

 1. സെപ്റ്റുവജിന്റ്: ഗ്രീക്ക് പരിഭാഷ

മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഈജ്ജിപ്റ്റ് കീഴടക്കി അലക്‌സാണ്ട്രിയ എന്ന ഒരു വലിയ നഗരം ഈജ്ജിപ്തിന്റെ വടക്കുപടിഞ്ഞാറ് മെഡിറ്ററേനിയന്‍ തീരത്ത് ബി. സി. 332 ല്‍ പണി കഴിപ്പിച്ചു. അവിടെ യവനന്മാരെയും അനവധി യെഹുദന്മാരെയും കുടിയിരുത്തി. പിന്നിട് അത് യെഹൂദന്മാരുടെ ഒരു സിരാകേന്ദ്രമായി തീര്‍ന്നു. അവിടുത്തെ ഭാഷ ഗ്രീക്കായും പരിണമിച്ചു.

ബി. സി 285 മുതല്‍ 247 വരെ ഈജ്ജിപ്റ്റ് ഭരിച്ചിരുന്ന ടോളമി ഫിലാദെല്‍ഫസ് തന്റെ വലിയ ലൈബ്രറിയില്‍ എല്ലാ മതഗ്രന്ഥങ്ങളുടെയും പകര്‍പ്പ് വേണമെന്ന്‍ തീരുമാനിച്ചപ്പോള്‍ യഹൂദന്മരുടെ മതഗ്രന്ഥത്തിന്റെതു  ഇല്ലാതിരുന്നതിനാല്‍ യെരുശലേമിലെക്ക് ആളയച്ചു. എന്നാല്‍ ഗ്രീക്ക്‌ തര്‍ജ്ജമ ഇല്ലാതിരുന്നതിനാല്‍ ടോളമിയുടെ താല്‍പര്യപ്രകാരം മഹാപുരോഹിതനായ എലയാസാര്‍ എഴുപത്തിരണ്ട് എബ്രായഗ്രീക്ക് പണ്ഡിതന്മാരെയും കൊണ്ട്   അലക്‌സാണ്ട്രിയായിലെത്തി. അവരില്‍ 70 പേര്‍ ചേര്‍ന്ന് 70 ദിവസം കൊണ്ട് മോശയുടെ ന്യായപ്രമാണപുസ്ത്കം ബി. സി. 280 ല്‍ എബ്രായ ഭാഷയില്‍നിന്ന്‍ ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തുകയും അത് ഇന്നത്തെ നിലയില്‍ അഞ്ചാക്കി തിരിക്കുകയും ചെയ്തു. താമസംവിനാ പഴയനിയമത്തിന്റെ ശേഷിച്ച ഭാഗം കൂടെ പരിഭാഷപ്പെടുത്തുകയും മുപ്പത്തി ഒമ്പത് പുസ്തകങ്ങളായി തിരിച്ചു തുകല്‍ ചുരുളുകളാക്കുകയും ചെയ്തു.  അതിന് ലത്തീന്‍ ഭാഷയില്‍ എഴുപതുകള്‍ എന്ന് അര്‍ത്ഥമുള്ള സെപ്റ്റുവജിന്റ് എന്ന പേര്‌ പിന്നീട് ഉണ്ടായി വന്നു. കര്‍ത്താവിന്റെ കാലത്തും തുടര്‍ന്ന്‍ ക്രിസ്ത്യാനികളും ഈ പരിഭാഷ ഉപയോഗിച്ചാണ് പഴയനിയമത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ എടുത്തിരുന്നത്. അതുകൊണ്ട് പിന്നീട് യെഹൂദന്മാര്‍ ഈ പരിഭാഷയെ വെറുത്തു.
എബ്രായ കയെഴുത്തും ഈ ഗ്രീക്ക്‌ പരിഭാഷയും തമ്മില്‍ ചില ഭാഗങ്ങളിലെല്ലാം അല്‍പം വ്യത്യാസം ഉണ്ട്. നമ്മുടെ ബൈബിളിലെ പുതിയനിയമത്തിലെ ഉദ്ധരണികള്‍ അപ്പൊസ്തലന്മാരും കര്‍ത്താവും ഈ ഗ്രീക്കു പരിഭാഷയില്‍ നിന്നുമാണ് എടുത്തിട്ടുള്ളത്‌. എന്നാല്‍ നാം ഉപയോഗിക്കുന്ന പഴയനിയമം എബ്രായഭാഷയില്‍നിന്നും നേരിട്ട് പരിഭാഷ പ്പെടുത്തിയിട്ടുള്ളതാകയാല്‍ ചില  ഉദ്ധരണികളില്‍ അല്‍പസ്വല്പം മാറ്റങ്ങള്‍ കാണാനാകും. ഉദാ. (1) ആമോ. 9:11,12, അപ്പോ. 15:16-18. (2) യേശ. 53:7,8, അപ്പോ. 8:32,33.

 1. പെശിത്താ:

എ.ഡി. രണ്ടാം ശതകത്തിന്റെ മദ്ധ്യഭാഗത്തുണ്ടായ സുറിയാനി തര്‍ജ്ജമയ്ക്കാണ്  പെശിത്താ എന്നു പറയുന്നത്‌ . ഇതു യാക്കോബായക്കാരുടെ ആദികരിക ബൈബിള്‍ ആണ്. പെശിത്താ എന്ന വാക്കിന് ലളിതം എന്നര്‍ത്ഥം.

 1. വള്‍ഗേറ്റ്:

ലത്തീനിലേക്കുള്ള ബൈബിള്‍ പരിഭാഷ എ.ഡി. രണ്ടാം ശതകത്തില്‍ തന്നെ ആരംഭിച്ചു. എന്നാല്‍ നാലാം നുറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ ജെറോം എന്ന വേദപണ്ഡിതന്‍ വേദപുസ്തകത്തിന്റെ മൂലഗ്രന്ഥങ്ങളുടെ സഹായത്തോടെ നിലവിലിരുന്ന ലത്തീന്‍ തര്‍ജ്ജമയെ പരിഷ്കരിച്ചു. ഈ ലത്തീന്‍ പരിഭാഷ പ്രസിദ്ധമായത് എന്നര്‍ത്ഥമുള്ള വള്‍ഗേറ്റ്’’ എന്ന പേരില്‍ അറിയപ്പെടുന്നു. റോമന്‍കത്തോലിക്കരുടെ ആധികാരിക ബൈബിളാണിത്.

 1. ഇംഗ്ലീഷ്:

എ.ഡി. 1382 – ല്‍ ജോണ്‍ വിക്ലിഫ് എന്ന നവീകരണ കര്‍ത്താവ് ലത്തീനില്‍ നിന്നും ഇംഗ്ലീഷിലേക്കു ബൈബിള്‍ വിവര്‍ത്തനം ചെയ്തു. പക്ഷേ പോപ്പ് അദ്ധേഹത്തെ മുടക്കി. എന്നാല്‍ കര്‍ത്താവിനു വേണ്ടി ജ്വലിച്ചുനിന്ന വിക്ലിഫ് 1384ല്‍ മരിച്ചു. 30 വര്‍ഷത്തിനുശേഷം പോപ്പിന്റെ കല്‍പ്പനയനുസരിച്ച് തന്റെ അസ്ഥികള്‍ കുഴിച്ചെടുത്ത് ദഹിപ്പിക്കുകയും ചാരം നദിയില്‍ ഒഴുക്കുകയും ചെയ്തു.

മൂലഭാഷയില്‍ നിന്നും ബൈബിള്‍ ഇംഗ്ലീഷിലേക്കു തര്‍ജ്ജമചെയ്യുവാനുള്ള  രണ്ടാമത്തെ പരിശ്രമം വില്യം ടിന്‍ഡലിന്റേതായിരുന്നു. എ. ഡി. 1535 – ല്‍ അദ്ധേഹം പുതിയനിയമം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത്‌ പ്രസിദ്ധീകരിച്ചു. പഴയനിയമ തര്‍ജ്ജമ പൂര്‍ത്തിയായില്ല. അദ്ധേഹത്തെ വോംസ് എന്ന സ്ഥലത്തുവച്ച് അധികാരികള്‍ പിടികൂടുകയും 1536 – ല്‍ തൂക്കികൊന്ന് മൃതശരീരം ദഹിപ്പിച്ചുകളകയും ചെയ്തു.

ഇംഗ്ലണ്ടിലെ ജെയിംസ് രാജാവിന്റെ ആഭിമുഖ്യത്തിലുള്ള അധികൃത തര്‍ജ്ജമ (Authorized Version) 47 പണ്ഡിതന്‍മാര്‍ ചേര്‍ന്ന് 4 കൊല്ലം കൊണ്ട് എ.ഡി. 1611 – ല്‍ പൂര്‍ത്തിയാക്കി. ഇതിന്‌ K.J.V. എന്നു പറയുന്നു. പിന്നിട് 52 ഇംഗ്ലീഷ്‌  പണ്ഡിതന്‍മാരും 36 അമേരിക്കന്‍ പണ്ഡിതന്‍മാരും കൂടിചേര്‍ന്ന്‌ 1898 – ല്‍ പരിഷ്കരിച്ച ഇംഗ്ലീഷ്‌ ഭാഷാന്തരം (Revised Version) പൂര്‍ത്തീകരിച്ചു.


 1. മലയാളം ബൈബിള്‍:

എ.ഡി. 1811 – ല്‍ സെറാമ്പൂര്‍കോളേജ് വൈസ് പ്രിന്‍സിപ്പലും സി. എം. എസ്. മിഷനറിയുമായിരുന്ന ക്ലോഡിയസ് ബുക്കാനന്‍ നാലു സുവിശേഷങ്ങളും അപ്പോസ്തല പ്രവര്‍ത്തികളും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. അതു ബോംബെയില്‍ കുറിയര്‍ പ്രസ്സില്‍ അച്ചടിക്കുവാന്‍ ഇടയായെങ്കിലും അന്നത്തെ തമിഴ് കലര്‍ന്ന മലയാളഭാഷയുടെ പോരായ്മകളും മറ്റു ചില കാരണങ്ങളും നിമിത്തം അതിന് കാര്യമായ പ്രചാരം ലഭിച്ചില്ല.

പിന്നീട് 1819 – ല്‍ കോട്ടയത്തുവച്ച് റവ. ബെഞ്ചമിന്‍ ബെയിലി സ്വന്തമായി നിര്‍മ്മിച്ച പ്രസ്സിലാണ് മലയാളഭാഷയില്‍ ആദ്യമായി അച്ചുകള്‍ നിരന്നതും പുതിയ നിയമത്തിന്റെ ഏതാനും ഭാഗങ്ങള്‍ അച്ചടിക്കപ്പെട്ടതും. മലയാളത്തില്‍ ആദ്യമായി അച്ചടി നടന്നതു ബൈബിള്‍  ഭാഗങ്ങളാണന്ന്‍ അഭിമാനപൂര്‍വ്വം അവകാശപ്പെടാം. ലോകത്തില്‍ അനേകം ഭാഷകള്‍ക്കും അക്ഷരങ്ങള്‍ കണ്ടുപിടിച്ചതും അച്ചടിതന്നെയും ഉണ്ടായിവന്നതും ബൈബിളിനോട് ബന്ധപ്പെട്ടാണ്.

1829 – ല്‍ റവ. ബെഞ്ചമിന്‍ ബെയിലി പുതിയനിയമത്തിന്റെ പരിഭാഷ ആരംഭിച്ചു. 1835 – ല്‍ പൂര്‍ത്തികരിച്ചു. ആറു വര്‍ഷങ്ങള്‍ക്കുശേഷം 1841 – ല്‍ തന്റെ തന്നേ പരിശ്രമത്തില്‍ മുഴുമലയാളം ബൈബിള്‍ അച്ചടിച്ചു. ഈ വിവര്‍ത്തനയജ്ഞത്തില്‍ ബെയിലിയുടെ സഹായികളായിരുന്നത്, കൊച്ചിയില്‍ താമസിച്ചിരുന്ന എബ്രായഭാഷാ പണ്ഡിതന്‍ മോസസ് ഇസാര്‍ഫതി, സംസ്കൃതഭാഷാപണ്ഡിതനായിരുന്ന വൈദ്യനാഥയ്യര്‍, ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ പണ്ഡിതനായിരുന്ന ചാത്തുമേനോന്‍ എന്നിവരായിരുന്നു.

1854 – ല്‍ ഗുണ്ടര്‍ട്ട് എന്ന ജര്‍മ്മന്‍ മിഷനറി തലശ്ശേരിയില്‍ നിന്നും പുതിയനിയമത്തിന്റെ മറ്റൊരു തര്‍ജ്ജമ പ്രസിദ്ധീകരിച്ചു. പിന്നിട് ബാസല്‍മിഷന്റെ ചുമതലയില്‍ പഴയനിയമത്തിന്റെ ചില ഭാഗങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലണ്ടന്‍മിഷന്‍, ചര്‍ച്ച്മിഷന്‍, മാര്‍ത്തോമ്മാ, യാക്കോബായ, എന്നീ ക്രിസ്തീയ സഭാവിഭാഗങ്ങളുടെ പ്രാതിനിധ്യമുള്ള ഒരു കമ്മറ്റി, റവ. ജെ. എം. ഫ്രിറ്റ്സിന്റെ അധ്യക്ഷതയില്‍ ഡബ്ലിയു. ഡില്‍ഗര്‍, റവ. സ്റ്റീഫന്‍ചന്ദ്രന്‍, ഡി. കോശി, കോവൂരച്ചന്‍, കിട്ടായി മേനോന്‍ എന്നിവരുടെ സഹകരണത്തോടെ പുതിയനിയമം 1889 – ലും മുഴു ബൈബിള്‍ 1911 – ലും പ്രസിദ്ധികരിച്ചു. ഇതു മംഗലാപുരത്താണ് ആദ്യം അച്ചടിച്ചത്. ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന മലയാളം ബൈബിള്‍ ഇതാണ്.

1858 – ല്‍ മാന്നാനം പ്രസ്സില്‍ നിന്നും സുറിയാനി ഭാഷയില്‍നിന്നും പുതിയനിയമത്തിന്റെ മലയാള വിവര്‍ത്തനം പുറത്തിറങ്ങി. 1981 – ല്‍ കേരള കത്തോലിക്കര്‍ തങ്ങളുടെ P.O.C. ബൈബിള്‍ പ്രസിദ്ധീകരിച്ചു.

പാപിയായിത്തീര്‍ന്ന മനുഷ്യന്റെ വീണ്ടെടുപ്പിനായി ദൈവം ഒരുക്കിയ ഏക രക്ഷാമാര്‍ഗ്ഗം യേശുക്രിസ്തുവിന്റെ പ്രായശ്ചിത്ത മരണത്തിലൂടെ എന്നതാണ് പഴയ പുതിയ നിയമങ്ങളുടെ പൊതുവായ സന്ദേശം.

2 comments:

 1. GOD IS PERFECT SO HE WANTED TO MAKE THE SAINTS TO WRITE IT IN A PERFECT MEANING AND PERFECT IDEA SO THAT HE GAVE THEM HIS HOLY SPIRIT FOR WRITING IT, LIKE WISE IT IS HIS WISH TO MAKE THE LATER MEN TO TRANSLATE IT IN A CORRECT MEANING HE MADE A LOT OF CHANGES IN HIS WRITERS AND WAY OF WRITINGS... AMEN

  ReplyDelete
 2. 66 എന്നത് ചരിത്ര പരമായി ശരിയല്ല

  ReplyDelete